Tuesday, March 31, 2009

കലാലയ ചിത്രങ്ങള്‍

പരിഭ്രമിച്ചിരുന്നു ഞാനീയങ്കണത്തിലാദ്യം വന്നനാള്‍
കലാലയവര്‍ണ്ണങ്ങള്‍ വിരിയിച്ചു പറക്കുന്നവരെ കണ്ട നാള്‍
അവരിലൊരാളാകാന്‍ പ്രായം എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു
അങ്കണവും എന്തൊക്കെയോ പ്രതീക്ഷിക്കുന്നതായി തോന്നി.

നിറഞ്ഞും ഒഴിഞ്ഞും വിരസമായും കടന്നു പോയ പഠനമുറികള്‍
പഠനവേളകള്‍ പാഠ്യേതരമാക്കി പറഞ്ഞു തീര്‍ ത്ത വിശേഷങ്ങള്‍
അന്നു വേദിയൊരുക്കി സാക്ഷികളായ മരത്തണലും പടിക്കെട്ടുകളും
സജീവമാക്കിയ മൈതാനവും വെറുതേ ക്ഷണിച്ച വായനാമന്ദിരവും .

സമരം മുഴങ്ങിയ ഇടനാഴികള്‍ , കൂകിത്തെളിഞ്ഞ സഭാഗൃഹം ,
വിശപ്പടക്കിയ ഭക്ഷണശാല, ഒളികണ്ണെറിഞ്ഞ പ്രവേശനകവാടം ,
തമാശകള്‍ , പൊട്ടിച്ചിരികള്‍ ,പരിഹാസങ്ങള്‍ , സംഘര്‍ ഷങ്ങള്‍
ഒളിമങ്ങാത്ത ഒരുമയുടെ ശോഭിക്കുന്ന എത്രയെത്ര ഓര്‍ മ്മകള്‍ !

ഹഠാദാകര്‍ ഷിച്ച പ്രത്യയശാസ്ത്രങ്ങള്‍ , ആദര്‍ശവാക്യങ്ങള്‍
അവയുടെ ആവേശത്തള്ളലിലുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍
അവ പകര്‍ന്നുതന്ന ദിശാബോധവും സാമൂഹ്യദര്‍ശനവും
ഭാവിജീവിതത്തില്‍ കരുക്കളായ് മാറിയ ആശയശിലകള്‍

നേര്‍വഴി കാട്ടിയ അദ്ധ്യാപകര്‍ , സ്നേഹിച്ച ഗുരുസ്ഥാനീയര്‍
എവിടെയും പിന്‍ തുണച്ച, എല്ലാം പങ്കുവച്ച നല്ല സുഹൃത്തുക്കള്‍
അറിയാതെ ഉള്‍പ്പൂവില്‍ കുടുങ്ങി ചിറകടിച്ചിരുന്ന പ്രണയവും
ഇന്നും കൂടെയുള്ളവര്‍ , പിരിഞ്ഞവര്‍ , അടുക്കാന്‍ വെമ്പുന്നവര്‍ ..

സമ്പൂര്‍ണ്ണ ജീവിതാനുഭവങ്ങളുടെയും ഒരു ചെറിയ മാതൃകയാണു നീ.
വിദ്യാര്‍ത്ഥി തലമുറകള്‍ കൈമാറിയ, നിത്യപരിശീലനക്കളരിയാണു നീ.
എന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടാന്‍
കലാലയമേ നീ ചാലിച്ച വര്‍ണ്ണങ്ങള്‍ക്കായി. .ആയിരമായിരം നന്ദി..

Thursday, March 26, 2009

മഴ

ഓരോ തവണ മാനം ഇരുളുമ്പോഴും
എന്റെ ഏകാന്ത മനം തെളിഞ്ഞിരുന്നു .
തുടികൊട്ടി പാടാന്‍ വരുന്ന മഴയ്ക്കായെന്റെ
മിഴികള്‍ താലപ്പൊലിയേന്തിയിരുന്നു .
തിമിര്‍ത്തു പെയ്യുന്ന കാര്‍മേഘങ്ങള്‍ക്കൊപ്പം
എന്റെ വിഷാദമേഘങ്ങള്‍ ചേര്‍ന്നിരുന്നു .
ഭൂമാറില്‍ പതിയ്ക്കുന്ന തുള്ളികള്‍ക്കൊപ്പം
എന്റെ അഹംഭാവവും പതിച്ചിരുന്നു .
മുറ്റത്തു മുളയ്ക്കുന്ന തളിരുകള്‍ക്കൊപ്പം
എന്നില്‍ അനുരാഗം മുളച്ചിരുന്നു .
വര്‍ണ്ണങ്ങള്‍ വിരിയിച്ച മഴവില്ലിനൊപ്പം
എന്റെ കൗമാര സ്വപ്നങ്ങള്‍ വിരിഞ്ഞിരുന്നു.
മഴനൂല്‍ തന്ത്രികള്‍ മീട്ടിയ പാട്ടില്‍
എന്റെ ഹൃദയ സംഗീതം ശ്രുതി ചേര്‍ന്നിരുന്നു.
വിണ്ണിലേക്കുയരുന്ന മണ്ണിന്റെ ഗന്ധത്തില്‍
എന്റെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു .
വായൂമണ്ഡല ധൂളികള്‍ക്കൊപ്പ-
മെന്റെ കളങ്കവുമൊഴിഞ്ഞിരുന്നു.
അവസാന തുള്ളിയ്ക്കും ശേഷമുള്ള ശാന്തതയില്‍
ഞാനെന്റെ സ്വത്വം അറിഞ്ഞിരുന്നു.
ഇന്നും ഞാനും എന്റെ ഓര്‍മ്മകളും കാതോര്‍ക്കും -
ഒരു മഴയുടെ ഈരടികള്‍ക്കായ്
താലങ്ങളുമായ് മിഴികളും , കാരണം
മഴയെനിക്കെന്നും പ്രിയപ്പെട്ടതാണ്.

മലയാളമേ മാപ്പ്

മലയാളമാണെന്റെ നാട്ടു ഭാഷ
മലനാട്ടില്‍ മൊഴിയുന്ന നല്ല ഭാഷ
വാണീദേവിതന്‍ കേരള ഭാഷിതം
വാമൊഴിയ്ക്കിതുമൊരു നല്ല ഭൂഷ.

അമ്മയെന്നാദ്യം വിളിച്ച ഭാഷ
അച്ഛനാദ്യമെഴുതിച്ച മന്ത്ര ഭാഷ
തുഞ്ചത്തു കിളിപ്പാട്ടൊഴുകിയ ഭാഷ
തൂവെള്ളപ്പട്ടാടയുടുത്ത ഭാഷ

ഹാ! കഷ്ടം , മുലപ്പാല്‍ മധുരമവര്‍ മറന്നു-
മലയാളം പെറ്റിട്ട പുതിയ മക്കള്‍
ഫാഷനായ്, ചാനലായ്, പരിഷ്കാരമായ്
മലയാളമിന്നു മലയാംഗലേയമായ്.

മാപ്പപേക്ഷിപ്പൂ ഞാന്‍ മാതൃഭാഷേ
ഭാഷയില്‍ നാണിക്കും സോദരര്‍ക്കായ് ,
അഭിമാനമാണെനിയ്ക്കെന്നുമെന്നും
മലയാളിയായെന്നെയറിഞ്ഞിടാനായ്.

വിപ്ളവത്തിന്റെ തിരിച്ചു വരവ്

ഹേ.. വിപ്ളവ സ് നേഹികളേ..
വഴിമുട്ടിയെങ്കില്‍ തിരിച്ചു വരിക..
ചൈനയില്‍ നിന്ന് ഭാരതത്തിലേക്ക്
സഖാവില്‍ നിന്ന് സഹോദരനിലേക്ക്
സമരത്തില്‍ നിന്ന് സമരസതയിലേക്ക്
വര്‍ഗ്ഗസമരത്തില്‍ നിന്ന് വര്‍ഗ്ഗസമന്വയത്തിലേക്ക്
മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്ക്
മാര്‍ക്സിസത്തില്‍ നിന്ന് മാനവദര്‍ശനത്തിലേക്ക്
സോഷ്യലിസത്തില്‍ നിന്ന് വസുധൈവകുടുംബകത്തിലേക്ക്
ഭൗതികതയില്‍ നിന്ന് ആദ്ധ്യാത്മികതയിലേക്ക്
താഴെ നിന്ന് മുകളിലേക്ക് ..
വന്ദേമാതര ഘോഷത്തോടെ
നമുക്കു വീണ്ടും വിപ്ളവകാരികളാകാം ...
ഏകത്മകതയുടെ നാളെകള്‍ സൃഷ്ടിക്കാം .

കാലത്തിനായൊരു തിരുത്ത്

നിരപരാധികളെ രക്ഷിക്കാന്‍ നില്ക്കുന്നവരോടൊരു ചോദ്യം
നിങ്ങള്‍ ക്കായോ അവരെ രക്ഷിക്കാന്‍ ?
ഇല്ലെങ്കില്‍ ഇതാ ഒരു തിരുത്ത്
"ഒരു നിരപരാധിയെ ശിക്ഷിച്ചാല്‍
ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെങ്കില്‍
അതു ചെയ്യുക.. കാരണം ആ ത്യാഗം -
ആയിരക്കണക്കിനു നിരപരാധികളെ രക്ഷിച്ചേക്കും ."

Wednesday, March 25, 2009

മാതൃഭാവം

പൂര്‍ണ്ണത്തില്‍ നിന്നൊരു കണമായ് ഞാ-
നമ്മതന്നുദരത്തില്‍ വന്നു വീണു.
ബാല്യം കടന്നു ഞാന്‍ കൗമാരമായപ്പോള്‍
രാഷ്ട്രമാം അമ്മയെ അറിഞ്ഞു വന്നു.
യൗവ്വനതിന്‍ തിരുമുറ്റത്തു നില്ക്കുമ്പോള്‍
അമൃതധാരയായ്, ഗുരുവായൊരമ്മ.
ഈശ്വര ചിന്തയ്ക്കു മിഴിയടയ്ക്കുമ്പോല്‍
മനതാരില്‍ തെളിയുന്നെന്‍ കാളിയമ്മ.

അറിയുന്നു ഞാനീ മാതൃഭാവങ്ങളെ-
ന്നാത്മാവിലേകമായ് സംഗമിയ്ക്കുന്നു.
വാത്സല്യത്തോണിയിലെന്നെയേറ്റി
തുഴഞ്ഞു പോകുന്നതെവിടേയ്ക്കമ്മ ?
പാപങ്ങള്‍ സൃഷ്ടിയ്ക്കുമോളങ്ങളില്‍ ഞാന്‍ -
വീഴാതെ തുഴയുന്നതെവിടേയ്ക്കമ്മ ?
സ് നേഹം പകരുമീയാനന്ദം നുകര്‍ന്നു ഞാ-
നണയുന്ന തീരവും പൂര്‍ണ്ണമാണോ ?

പ്രണയം

വിഭാത സൂര്യനെ ഒരുമിച്ചു വരവേല്‍ക്കാന്‍ ,
മലയാലപ്പുഴയമ്മയെ ഒരുമിച്ചു നമസ്ക്കരിക്കാന്‍ ,
അരയാല്‍ത്തണലും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ,
കുളിര്‍മഴയുടെ ഈറന്‍ ഒരുമിച്ചണിയാന്‍ ,
മഴവില്‍ ചന്തത്തില്‍ ഒരുമിച്ചു കണ്ണെറിയാന്‍ ,
കടലിന്റെ മോഹത്തിരകളില്‍ കൈകോര്‍ത്തു നടക്കാന്‍ ,
ശ്രാവണചന്ദ്രികയില്‍ പരസ്പരം അറിഞ്ഞുറങ്ങാന്‍ ,
അവള്‍ കൂടെവേണമെന്നാശിച്ചു.

ആശാകലിക വിടരാതെ കൊഴിഞ്ഞു.
വിടര്‍ ന്നിരുന്നെങ്കില്‍ ഞാന്‍ -
സ്വപ്നങ്ങള്‍ക്കായ് കാത്തിരിക്കില്ലായിരുന്നു.
ഓര്‍മ്മകളെ ഇത്രമേല്‍ സ് നേഹിക്കില്ലായിരുന്നു.
പുനര്‍ജന്മം കൊതിക്കില്ലായിരുന്നു..