Wednesday, July 29, 2009

ഒരു നഷ്ട ബാല്യം

കണ്‍മുന്നില്‍ പൊലിഞ്ഞ ഒരു ബാല്യത്തിനായ് ..

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും .

പടികളിറങ്ങിയമ്മ പോകുമ്പോഴും
പടികളേറാന്‍ ഞാന്‍ പഠിച്ചിരുന്നില്ല.

ഏണിലിരുന്നേങ്ങിയ കുഞ്ഞുപെങ്ങള്‍
ഏട്ടാ എന്നെന്നെ വിളിച്ചിരുന്നില്ല

നാണം മറന്നൊരാ നാളുകള്‍
നാട്ടാര്‍ക്കു മുന്നിലെ നാട്യങ്ങള്‍

നിശയുടെ കുളിരിലുറങ്ങുവാനെന്‍
നെഞ്ചിലെ കനലനുവദിച്ചില്ല.

വാതില്ക്കലെത്തിയ തെന്നല്‍ പോലും
വെറുതേ ഒന്നു തലോടിയില്ല

ലഹരിതന്‍ ലോകത്തില്‍ മയങ്ങിയച്ഛന്‍
മിഴിനീരിന്‍ താളത്തിലുറങ്ങി ഞാനും

കാരുണ്യമേകേണ്ട ബന്ധുക്കളാരുമീ-
കര്‍മ്മബന്ധത്തെ കണ്ടതില്ല..

കൂട്ടരോടൊത്തു കളിയാടിയെങ്കിലും
കരളിലെ കരിങ്കല്ലു തകര്‍ന്നതില്ല...

മുന്‍പനായ് ഞാനെന്നും മാറിയിട്ടു -
മാരുമൊരു ഭാവിയും കണ്ടതില്ല..

ഇന്നോ നാളെയോ വഴിതെറ്റിപ്പൊകേണ്ടോന്‍
നാടിനു ഭാരമായ്ത്തീരേണ്ടവന്‍

തെറ്റുകളൊന്നും തിരുത്തിയില്ലെങ്കിലും
ശാപങ്ങള്‍ കൊണ്ടെന്നെ മൂടിയിട്ടു.

ഇന്നു ഞാന്‍ നാടിന്നതിര്‍ത്തിയിലായ്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറമായ്

വേഷത്തില്‍ ഭടനായ് ദേശത്തിന്‍ മകനായ്
മനക്കണ്ണടച്ചു ഞാന്‍ നില്‍ക്കുമെന്നും .

എങ്കിലും വേദനയായൊരു കുഞ്ഞു കൊലുസ്സും
അച്ഛനുമമ്മയും ജയിച്ച നാളും .

Friday, July 3, 2009

പറയാത്ത വാക്ക്

കരളില്‍ പ്രണയം കൊടിയേറ്റിയ കണ്‍മണീ
മിഴികളില്‍ മോഹം കൊണ്ടാടിയ പൈങ്കിളീ
നിന്റെയിഷ്ടങ്ങളറിയാന്‍
മൌനം സമ്മതമാക്കാന്‍
മനമിടറി നിന്ന നാളുകളോര്‍മ്മയായ്..

സമ്മാനമായ് വാങ്ങിയൊരാദ്യ പുഞ്ചിരിയെ -
ന്നേകാന്തതയില്‍ പാര്‍വ്വണം പെയ്തു.
അന്നെന്നത്മാവിലുതിര്‍ന്ന ചുംബനം
നിന്‍ കവിളിണ തേടിയലഞ്ഞു.
പാതി മൂളിയ സമ്മതവാക്കിനെ
ഭാവനകൊണ്ടു ഞാന്‍ പൂര്‍ണ്ണമാക്കി.

ഋതുഭേദം നിന്നിലും പീലി നീര്‍ത്തി
യൌവ്വന പ്രഭതൂകിയലങ്കരിച്ചു
കാമനകള്‍ കതിരണിയും മുന്‍പേ നീ
വിട പറയാതന്നു പോയ്മറഞ്ഞു.
പറയാതെ പോയൊരാ വാക്കിന്റെയാഴ -
മിന്നുമെന്‍ നിദ്രയോടിടഞ്ഞു നില്‍പ്പൂ.

ഒരു താരാട്ട്

അമ്മേടെ സ് നേഹമുള്ളിന്റെ ചിപ്പിയില്‍
മുത്തായിത്തീര്‍ന്നതല്ലേ
അച്ഛന്റെ ചുണ്ടിലെ നാമജപാമൃതം
പൂവിട്ട പുണ്യമല്ലേ
മാനത്തെയമ്പിളി മായും വരെ
നിനക്കാരീരി രാരാരോ...

പൊന്നിനുറങ്ങാന്‍ കള്ളിക്കുയിലെന്നും
പഞ്ചമം മൂളിപ്പാടും .
തന്തോന്നിത്തെന്നലീ അമ്മയ്ക്കും മുന്‍പേ
ആലോലം തൊട്ടിലാട്ടും .
തഞ്ചത്തില്‍ നില്‍ക്കേണ്ട തങ്കക്കുടത്തിനെ
നെഞ്ചിലുറക്കും ഞാന്‍ .
ഇന്നും നെഞ്ചിലുറക്കും ഞാന്‍ .

പാലുകൊടുക്കുമ്പോള്‍ പൂവാലിപ്പൈയി-
ന്നൊളികണ്ണാല്‍ നോക്കിനിന്നു.
കാര്‍ത്തിക ദീപങ്ങള്‍ കണ്ണനെക്കാണുമ്പോള്‍
കാന്തിയില്‍ നാണിക്കുന്നു.
കണ്ണേറു തട്ടാതെ കവിളില്‍ ചാര്‍ത്താ-
മച്ഛന്റെ പൂമുത്തം .
ഈ അച്ഛന്റെ തേന്‍ മുത്തം .