Sunday, February 10, 2013

ഇന്ദുമൊഴി


സര്‍ വ്വം സഹയായൊരമ്മതന്‍ ഒരു പാതി-
യിരുളിന്റെ മറ വീണു മായാനൊരുങ്ങവേ ,
വെള്ളി വിതാനിച്ച കമ്പളം മേലിട്ടു
കാക്കുന്നു തോഴിയാം രാകേന്ദു നിത്യവും .

പോറ്റിവളര്‍ ത്താന്‍ മക്കളില്ലെങ്കിലും
ധരതന്‍ കിടാങ്ങളെ ലാളിക്കുമെന്നും
വെണ്ണിലാക്കൈ നീട്ടി വാരിപ്പുണരും
വാത്സല്യത്തേന്‍ തൂവി ഓമനിക്കും

കൊഴിയുന്ന പൂക്കള്‍ ക്കു സാന്ത്വനമേകിയും 
മുകുളങ്ങള്‍ വിടരുമ്പോള്‍ സ്വാഗതമോതിയും 
ഇണയുടെ ഓര്‍ മ്മയെ പ്രണയാര്‍ ദ്രമാക്കിയും
കവിയുടെ ഭാവനാ ലോകത്തുലാവുന്നു.

കരയും കുരുന്നിനെ ഊട്ടിയുറക്കുവാന്‍ 
കരിമേഘക്കീറിലൊളിച്ചു കളിക്കും 
ഈറന്‍ മിഴികളെ, താന്തമാം തനുവിനെ
വീണു മയങ്ങാന്‍ തഴുകുന്നു തണുവായ്.

പേര്‍ ത്തും വിലപിക്കും വിടവാങ്ങും വേളകളില്‍ ..
"പതിവായ് വളര്‍ ന്നു ഞാന്‍ പൂര്‍ ണ്ണത വന്നാലും
നിഴലായ് പതിയും തീരാകളങ്കമതൊന്നല്ലേ -
സ്വന്തമായെനിക്കുള്ളൂ.. മേതിനീ.. നീ സുകൃതിനി.."