Tuesday, March 9, 2010

വിഷുക്കണി

മീനവെയിലുരുക്കി കൊന്നയില്‍ ചാര്‍ത്തിയ
മേടപ്പൊന്നിറുത്തു പൂക്കണി ചമച്ചു.
വേര്‍പ്പില്‍ വിളഞ്ഞ ഫലങ്ങളെല്ലാം
വെള്ളോട്ടുരുളിയില്‍ കവിഞ്ഞിരുന്നു.
പട്ടും പവനും പണ്ടങ്ങളും കൂടി -
വാല്ക്കണ്ണാടി മേല്‍ പകിട്ടുനോക്കി.
വേണുവൂതുന്നൊരു വാസുദേവന്‍
സാക്ഷിയായ് ശ്രീലകം നിറഞ്ഞു നിന്നു.
അമ്മതന്‍ ശ്രീത്വം തിരികൊളുത്തി
നന്മതന്‍ ദീപം തെളിഞ്ഞു കത്തി
കുളികഴിഞ്ഞൊന്നായി വന്നു കുടുംബം
കുമ്പിട്ടു കണികണ്ടു തൊഴുതു നിന്നു.
കര്‍മ്മപഥങ്ങളില്‍ മംഗളം കാംക്ഷി-
ച്ചച്ഛന്റെ കൈനീട്ടം കണ്ണോടു ചേര്‍ത്തു
വിശുദ്ധിതന്‍ പുണ്യാഹം നാടാകെ തേവി-
വിഷുപ്പക്ഷി ശ്രുതിമീട്ടി പാട്ടു പാടി.
കാവുകള്‍ പൂക്കുന്ന വിഷുപ്പുലരിയിതു -
കാര്‍ഷിക കേരളപ്പുതുപ്പിറവി.

Saturday, February 6, 2010

കല്‍പം

സൃഷ്ടി
ഒരു കലാകാരന്‍
സര്‍ഗ്ഗം തുടങ്ങി
പ്രണവം മുഴങ്ങി
അത്ഭുതം !!
എല്ലാ സൃഷ്ടികളും വ്യത്യസ്തം !
ഒരോന്നുമുല്ക്കൃഷ്ടം
വിലയിരുത്താനാളില്ല
വിമര്‍ശിക്കാനാളില്ല
കലാകാരന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു.

സ്ഥിതി
സൃഷ്ടികള്‍ മോഹിച്ചു
സ്രഷ്ടാവിനെയറിയാന്‍
സ്വരരാഗങ്ങളൊന്നു ചേര്‍ന്നു
സംഗീതമായവന്‍ നിറഞ്ഞു..
പഞ്ചഭൂതങ്ങളൊത്തു വന്നു
ശരീരപഞ്ജരമായവനെ കണ്ടു..
മണ്ണും ജലവും ബീജവും കൂടി
വൃക്ഷമായ് പൂക്കളായ് ഫലങ്ങളായ്
സമുദ്രം സൂര്യനുമായിണങ്ങി
മഴയായവന്‍ പെയ്തു തോര്‍ന്നു..
ഒന്നല്ലാത്ത സൃഷ്ടികളൊരുമിച്ച്
കലാകാരനെയറിഞ്ഞു.

ലയം
ഉത്തമസൃഷ്ടിക്കു പിഴച്ചു
മനുഷ്യന്‍ ...
അവന്‍ സ്വയം സ്രഷ്ടാവായി
പാലകനായി.. സംഹാരിയായി
പല കൂട്ടങ്ങളായി
കൂട്ടങ്ങള്‍ സ്രഷ്ടാവിനെ നിര്‍വ്വചിച്ചു.
നിര്‍ വ്വചനങ്ങളും വ്യത്യസ്തം !!
തന്റെ കൂട്ടം വിശുദ്ധരായി
മറ്റു കൂട്ടങ്ങളവിശുദ്ധരായി
വിശുദ്ധ യുദ്ധങ്ങളായ്
സൃഷ്ടി സ്രഷ്ടാവിനു മുകളിലായി
സൃഷ്ടിമണ്ഡലം കലുഷമായി
കലാകാരന്‍ തെറ്റു തിരുത്തി
സൃഷ്ടികള്‍ ഭാവനയില്‍ ലയിപ്പിച്ചു
കളങ്കമറ്റ പുതിയ രചനയ്ക്കായൊരുങ്ങി.

Wednesday, January 13, 2010

സ്വപ്ന മരീചിക

ഋതുപരിണാമം മാറ്റിമറിക്കാത്ത
മിഥ്യാനളിനിയില്‍ നീന്തിത്തുടിക്കും
വര്‍ണ്ണമരാളങ്ങള്‍ സ്വപ്നങ്ങള്‍ .

ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള്‍ കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള്‍ സ്വപ്നങ്ങള്‍ .

ശിരോലിഖിതങ്ങള്‍ വായിക്കാനറിയാതെ
ഭാവനാ സ്വര്‍ഗ്ഗം പ്രവചനമാക്കും
നിരക്ഷര പ്രവാചകര്‍ സ്വപ്നങ്ങള്‍ .

കര്‍മ്മനിയമത്താല്‍ മങ്ങിയെന്നറിയാതെ
ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര്‍ സ്വപ്നങ്ങള്‍ .

കലുഷിത മാനവ ഹൃത്തടങ്ങളില്‍
നിങ്ങള്‍ വിതറുമാശാപരാഗങ്ങള-
ഹര്‍ന്നിശമധ്വാന പ്രേരണയെങ്കിലും-
സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം -
തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക.