Wednesday, December 9, 2009

എന്റെ ഗുരുവിന്

അമൃതാനന്ദമയി അമ്മയ്ക്ക്

അമൃതേശ്വരീ ആത്മ തപഹാരിണീ
ഹൃദയ സരോവര തീരവിഹാരിണീ
ആര്‍ഷ പരമ്പര കേരള ദേശത്തിന്‍
പാദത്തിലര്‍പ്പിച്ച പുണ്യവതീ നിന്‍ -
കാരുണ്യ ദീപാഞ്ചിത കര്‍മ്മക്ഷേത്രത്തിലീ -
ഞാനാകും പുഷ്പവും അര്‍ച്ചന ചെയ്യണേ .

കരം കൊണ്ടു നീയെന്നെ മാറോടണയ്ക്കുമ്പോള്‍
കരളും മിഴികളും കവിഞ്ഞൊഴുകും
അടര്‍ന്നു വീഴുന്നെന്റെ അഹംഭാവനകള്‍
വിടര്‍ന്നൊരുങ്ങുന്നെന്റെ ആത്മദളങ്ങള്‍
അജ്ഞാന തിമിരാന്ധകാരത്തിലംബികേ
നിന്‍ മന്ദഹാസങ്ങള്‍ നിറനിലാവൊഴുക്കുന്നു .

ജനമനസംസ്ഥിത രാവണ ചിന്തകളി-
ലമ്മേ നിന്‍ ബീജമന്ത്രം രാമബാണം, നിന്‍ -
വചന ഗീതാമൃതം കലിയുഗ പാര്‍ത്ഥരെ
വീരയോദ്ധാക്കളായ് തേര്‍ത്തടമേറ്റുന്നു.
വിശ്വജനനീ നിന്‍ മുഖാംബുജ ഭാവങ്ങള്‍
ഈശ്വരസത്യത്തിന്‍ പ്രത്യക്ഷ സാക്ഷ്യങ്ങള്‍ .

Wednesday, October 7, 2009

സ്വാര്‍ത്ഥത

ഞാനേറ്റവും വെറുക്കുന്നെങ്കിലും
ഒരു ഭാവമായെന്നിലുമുറങ്ങുന്നു
സ്വാര്‍ത്ഥത .....
ശരിയെന്നുറപ്പിച്ച ചിന്തകളെ
ആവിഷ്കരിക്കന്‍ ശ്രമിച്ചപ്പോഴൊക്കെ
പ്രകടമായ ഭാവം
ജന്മം നല്കിയവരോടും സ് നേഹിച്ചവരോടും
ശബ്ദത്തിലും ശരീരഭാഷയിലും
നിഴലായ് വീണ ഭാവം

അവരെ വേദനിപ്പിച്ച ഭാവം
എനിക്കായ് ജീവിച്ച നിമിഷങ്ങള്‍ ..
എന്റെ നഷ്ടങ്ങള്‍ ....
വ്യര്‍ത്ഥ നിമിഷങ്ങള്‍ ഇനിയും കാത്തിരിക്കുന്നു
കാരണം .. വളര്‍ന്നുപോയ് ഞാന്‍
മനുഷ്യനെന്ന താഴ്ച്ചയിലേക്ക് .

Monday, August 17, 2009

ഓണച്ചിന്ത്

മാവേലി നാടിന്റെ ഖ്യാതിയോതി
മലയാളനാലകത്തോണമെത്തി.
രാമായണം ചൊല്ലി തരണം ചെയ് തൊരു
കര്‍ക്കിടക ദുരിതങ്ങള്‍ക്കന്ത്യമായി.
ഇന്നു പൂക്കളമന്യമായ് പൂവിളി മൌനമായ്‌
ഓണക്കളികള്‍ തന്നാര്‍പ്പുവിളിയകലെയായ് .
കൈവിട്ടു പോവതു സ്വത്തു തന്നെ
കാണുവാനാമോയീ സ്വത്വ നഷ്ടം ?
കൊഴിഞ്ഞ മുത്തുകള്‍ കോര്‍ത്തെടുക്കാം
നമുക്കാശ തീരുംവരെയൂഞ്ഞാലിലാടാം .
ചുവരുകള്‍ക്കുള്ളിലെ ബാല്യകൌമാരങ്ങളെ -
യാകാശ വിശാലതയില്‍ വിന്യസിക്കാം .
മദവും മദ്യവുമൊരു തുള്ളിയുമില്ലാതെ
യൌവ്വനം ലഹരിയിലാറാടി നിര്‍ത്താം .
സ് നേഹവും ത്യാഗവുമൊത്തു വിളമ്പും
സദ്യയാല്‍ ഹൃദയങ്ങളുണ്ടു നിറയ്ക്കാം .
ഒരുമയുടെ ഗീതങ്ങളീണത്തില്‍ പാടാമീ -
യോണ നിലാവെന്നുമോര്‍മ്മയില്‍ പടരട്ടെ.

Wednesday, July 29, 2009

ഒരു നഷ്ട ബാല്യം

കണ്‍മുന്നില്‍ പൊലിഞ്ഞ ഒരു ബാല്യത്തിനായ് ..

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും .

പടികളിറങ്ങിയമ്മ പോകുമ്പോഴും
പടികളേറാന്‍ ഞാന്‍ പഠിച്ചിരുന്നില്ല.

ഏണിലിരുന്നേങ്ങിയ കുഞ്ഞുപെങ്ങള്‍
ഏട്ടാ എന്നെന്നെ വിളിച്ചിരുന്നില്ല

നാണം മറന്നൊരാ നാളുകള്‍
നാട്ടാര്‍ക്കു മുന്നിലെ നാട്യങ്ങള്‍

നിശയുടെ കുളിരിലുറങ്ങുവാനെന്‍
നെഞ്ചിലെ കനലനുവദിച്ചില്ല.

വാതില്ക്കലെത്തിയ തെന്നല്‍ പോലും
വെറുതേ ഒന്നു തലോടിയില്ല

ലഹരിതന്‍ ലോകത്തില്‍ മയങ്ങിയച്ഛന്‍
മിഴിനീരിന്‍ താളത്തിലുറങ്ങി ഞാനും

കാരുണ്യമേകേണ്ട ബന്ധുക്കളാരുമീ-
കര്‍മ്മബന്ധത്തെ കണ്ടതില്ല..

കൂട്ടരോടൊത്തു കളിയാടിയെങ്കിലും
കരളിലെ കരിങ്കല്ലു തകര്‍ന്നതില്ല...

മുന്‍പനായ് ഞാനെന്നും മാറിയിട്ടു -
മാരുമൊരു ഭാവിയും കണ്ടതില്ല..

ഇന്നോ നാളെയോ വഴിതെറ്റിപ്പൊകേണ്ടോന്‍
നാടിനു ഭാരമായ്ത്തീരേണ്ടവന്‍

തെറ്റുകളൊന്നും തിരുത്തിയില്ലെങ്കിലും
ശാപങ്ങള്‍ കൊണ്ടെന്നെ മൂടിയിട്ടു.

ഇന്നു ഞാന്‍ നാടിന്നതിര്‍ത്തിയിലായ്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറമായ്

വേഷത്തില്‍ ഭടനായ് ദേശത്തിന്‍ മകനായ്
മനക്കണ്ണടച്ചു ഞാന്‍ നില്‍ക്കുമെന്നും .

എങ്കിലും വേദനയായൊരു കുഞ്ഞു കൊലുസ്സും
അച്ഛനുമമ്മയും ജയിച്ച നാളും .

Friday, July 3, 2009

പറയാത്ത വാക്ക്

കരളില്‍ പ്രണയം കൊടിയേറ്റിയ കണ്‍മണീ
മിഴികളില്‍ മോഹം കൊണ്ടാടിയ പൈങ്കിളീ
നിന്റെയിഷ്ടങ്ങളറിയാന്‍
മൌനം സമ്മതമാക്കാന്‍
മനമിടറി നിന്ന നാളുകളോര്‍മ്മയായ്..

സമ്മാനമായ് വാങ്ങിയൊരാദ്യ പുഞ്ചിരിയെ -
ന്നേകാന്തതയില്‍ പാര്‍വ്വണം പെയ്തു.
അന്നെന്നത്മാവിലുതിര്‍ന്ന ചുംബനം
നിന്‍ കവിളിണ തേടിയലഞ്ഞു.
പാതി മൂളിയ സമ്മതവാക്കിനെ
ഭാവനകൊണ്ടു ഞാന്‍ പൂര്‍ണ്ണമാക്കി.

ഋതുഭേദം നിന്നിലും പീലി നീര്‍ത്തി
യൌവ്വന പ്രഭതൂകിയലങ്കരിച്ചു
കാമനകള്‍ കതിരണിയും മുന്‍പേ നീ
വിട പറയാതന്നു പോയ്മറഞ്ഞു.
പറയാതെ പോയൊരാ വാക്കിന്റെയാഴ -
മിന്നുമെന്‍ നിദ്രയോടിടഞ്ഞു നില്‍പ്പൂ.

ഒരു താരാട്ട്

അമ്മേടെ സ് നേഹമുള്ളിന്റെ ചിപ്പിയില്‍
മുത്തായിത്തീര്‍ന്നതല്ലേ
അച്ഛന്റെ ചുണ്ടിലെ നാമജപാമൃതം
പൂവിട്ട പുണ്യമല്ലേ
മാനത്തെയമ്പിളി മായും വരെ
നിനക്കാരീരി രാരാരോ...

പൊന്നിനുറങ്ങാന്‍ കള്ളിക്കുയിലെന്നും
പഞ്ചമം മൂളിപ്പാടും .
തന്തോന്നിത്തെന്നലീ അമ്മയ്ക്കും മുന്‍പേ
ആലോലം തൊട്ടിലാട്ടും .
തഞ്ചത്തില്‍ നില്‍ക്കേണ്ട തങ്കക്കുടത്തിനെ
നെഞ്ചിലുറക്കും ഞാന്‍ .
ഇന്നും നെഞ്ചിലുറക്കും ഞാന്‍ .

പാലുകൊടുക്കുമ്പോള്‍ പൂവാലിപ്പൈയി-
ന്നൊളികണ്ണാല്‍ നോക്കിനിന്നു.
കാര്‍ത്തിക ദീപങ്ങള്‍ കണ്ണനെക്കാണുമ്പോള്‍
കാന്തിയില്‍ നാണിക്കുന്നു.
കണ്ണേറു തട്ടാതെ കവിളില്‍ ചാര്‍ത്താ-
മച്ഛന്റെ പൂമുത്തം .
ഈ അച്ഛന്റെ തേന്‍ മുത്തം .

Monday, June 1, 2009

സ്‌നേഹം

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.
യാമിനിതന്നന്ത്യയാമം വരെയും
നീര്‍ത്തുള്ളി പൂങ്കവിളില്‍ മുത്തിയുറങ്ങി.
ബാലാര്‍ക്കന്‍ ഭൂമിയെത്തൊട്ടുണര്‍ത്തി.
കിരണങ്ങള്‍ താങ്ങാതെ മഞ്ഞുരുകി.
ഒരുരാത്രി കൂടി മലര്‍ കാത്തിരുന്നു
സ് നേഹിച്ച മുത്തിന്റെ മുത്തങ്ങള്‍ക്കായ്.
പിന്നെ വേര്‍പാടു സഹിയാതെ വാടി വാടി
പ്രേയസിയോടൊപ്പം വീണടിഞ്ഞു.

Tuesday, May 5, 2009

രാധാവിരഹം

അറിയാതെയാകാശപ്പൊയ്കയെപ്പാര്‍ത്തപ്പോള്‍
രാധേ നിന്‍ കരിമിഴി കവിഞ്ഞതെന്തേ?
കാര്‍മേഘജാലങ്ങള്‍ നീന്തിയ ചേലിനാല്‍
കാര്‍വര്‍ണ്ണന്റെ ലീലകളോര്‍ത്തുപോയോ?
കരളില്‍ കദനകാളിന്ദിയൊഴുക്കിയവന്‍
മഥുരയ്ക്കു പോയിട്ടിന്നേറെയായില്ലേ?
മുകുന്ദപാദങ്ങളാടിയ വൃന്ദാവനിയിലിന്നു
മൂകത മാത്രം കളിയാടി നില്പ്പൂ
കടമ്പിലെ ഭാഗ്യമറ്റ പുതിയ പൂക്കള്‍
വനമാലി കാണാതെ വെറുതേ കൊഴിയുന്നു
ഗോകുലവും ഗോപികളും വിരഹാര്‍ത്തരെങ്കിലും
നിന്‍ മുഖപങ്കജമുലഞ്ഞേറെ വാടിയല്ലോ
കൂന്തലില്‍ ചന്തത്തില്‍ മയില്‍പ്പീലി ചൂടാനും
മുരളീനാദം കേട്ടു മാറില്‍ മയങ്ങാനും കൂടെ -
കാലിയെ മേയിച്ചു മേടുകളിലോടാനും
സാധിച്ച നീ തന്നെ പുണ്യവതിയോര്‍ക്കുകില്‍ .
ദേവകളുമൊരുനോക്കു കാണുവാന്‍ മോഹിക്കും
നവനീതചോരന്റെ ബാല്യം കവര്‍ന്നു നീ.
ദുഷ്ടനിഗ്രഹം സാധുസംരക്ഷണം ധര്‍മ്മസംസ്ഥാപനം
ഭൂവില്‍ കണ്ണനു കര്‍മ്മങ്ങളേറെയേറെ
യമുനയിലോളങ്ങള്‍ നുരയാതിരിക്കില്ല
യാദവമനം നിന്നെയോര്‍ക്കാതിരിക്കില്ല.
ആര്‍ദ്രമാം ശ്രീകൃഷ്ണമേഘത്തിനാകുമോ നീയാ-
മേകാന്ത താരകം പുണരാതിരിക്കുവാന്‍ ?

Monday, April 6, 2009

കാലം

സമസ്ത ജീവജാലങ്ങളില്‍ മുദ്ര ചാര്‍ത്തും
കാലമെന്ന സമസ്യയൊരതിശയം !
അതു വിധിയോ വിധിനിര്‍ണ്ണയ ഘട്ടമോ
വിധിവൈപരീത്യങ്ങളുടെ കേളീമണ്ഡലമോ ?
വിധിയെഅതിജീവിക്കനുള്ള ദൈവിക പാതയോ
വിധാതാവു തന്നെയോ ?
മനുഷ്യമനസ്സുകളെ വ്രണപ്പെടുത്തുന്നവനോ
വ്രണിത ഹൃദയങ്ങള്‍ക്കുള്ള ഔഷധമോ ?
ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം
കാലത്തെയളന്നിടുമേകകങ്ങളോ ?
കാലത്തോടിനിയും യുദ്ധം ചെയ്യേണമോ
കാലപ്രവാഹത്തില്‍ ലയിക്കേണമോ ?
കാലനിര്‍വ്വചനത്തിനുള്ള ശ്രമശരങ്ങള്‍
പേര്‍ത്തും നാണിച്ചു തിരിച്ചു വരുന്നു !!

Tuesday, March 31, 2009

കലാലയ ചിത്രങ്ങള്‍

പരിഭ്രമിച്ചിരുന്നു ഞാനീയങ്കണത്തിലാദ്യം വന്നനാള്‍
കലാലയവര്‍ണ്ണങ്ങള്‍ വിരിയിച്ചു പറക്കുന്നവരെ കണ്ട നാള്‍
അവരിലൊരാളാകാന്‍ പ്രായം എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു
അങ്കണവും എന്തൊക്കെയോ പ്രതീക്ഷിക്കുന്നതായി തോന്നി.

നിറഞ്ഞും ഒഴിഞ്ഞും വിരസമായും കടന്നു പോയ പഠനമുറികള്‍
പഠനവേളകള്‍ പാഠ്യേതരമാക്കി പറഞ്ഞു തീര്‍ ത്ത വിശേഷങ്ങള്‍
അന്നു വേദിയൊരുക്കി സാക്ഷികളായ മരത്തണലും പടിക്കെട്ടുകളും
സജീവമാക്കിയ മൈതാനവും വെറുതേ ക്ഷണിച്ച വായനാമന്ദിരവും .

സമരം മുഴങ്ങിയ ഇടനാഴികള്‍ , കൂകിത്തെളിഞ്ഞ സഭാഗൃഹം ,
വിശപ്പടക്കിയ ഭക്ഷണശാല, ഒളികണ്ണെറിഞ്ഞ പ്രവേശനകവാടം ,
തമാശകള്‍ , പൊട്ടിച്ചിരികള്‍ ,പരിഹാസങ്ങള്‍ , സംഘര്‍ ഷങ്ങള്‍
ഒളിമങ്ങാത്ത ഒരുമയുടെ ശോഭിക്കുന്ന എത്രയെത്ര ഓര്‍ മ്മകള്‍ !

ഹഠാദാകര്‍ ഷിച്ച പ്രത്യയശാസ്ത്രങ്ങള്‍ , ആദര്‍ശവാക്യങ്ങള്‍
അവയുടെ ആവേശത്തള്ളലിലുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍
അവ പകര്‍ന്നുതന്ന ദിശാബോധവും സാമൂഹ്യദര്‍ശനവും
ഭാവിജീവിതത്തില്‍ കരുക്കളായ് മാറിയ ആശയശിലകള്‍

നേര്‍വഴി കാട്ടിയ അദ്ധ്യാപകര്‍ , സ്നേഹിച്ച ഗുരുസ്ഥാനീയര്‍
എവിടെയും പിന്‍ തുണച്ച, എല്ലാം പങ്കുവച്ച നല്ല സുഹൃത്തുക്കള്‍
അറിയാതെ ഉള്‍പ്പൂവില്‍ കുടുങ്ങി ചിറകടിച്ചിരുന്ന പ്രണയവും
ഇന്നും കൂടെയുള്ളവര്‍ , പിരിഞ്ഞവര്‍ , അടുക്കാന്‍ വെമ്പുന്നവര്‍ ..

സമ്പൂര്‍ണ്ണ ജീവിതാനുഭവങ്ങളുടെയും ഒരു ചെറിയ മാതൃകയാണു നീ.
വിദ്യാര്‍ത്ഥി തലമുറകള്‍ കൈമാറിയ, നിത്യപരിശീലനക്കളരിയാണു നീ.
എന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടാന്‍
കലാലയമേ നീ ചാലിച്ച വര്‍ണ്ണങ്ങള്‍ക്കായി. .ആയിരമായിരം നന്ദി..

Thursday, March 26, 2009

മഴ

ഓരോ തവണ മാനം ഇരുളുമ്പോഴും
എന്റെ ഏകാന്ത മനം തെളിഞ്ഞിരുന്നു .
തുടികൊട്ടി പാടാന്‍ വരുന്ന മഴയ്ക്കായെന്റെ
മിഴികള്‍ താലപ്പൊലിയേന്തിയിരുന്നു .
തിമിര്‍ത്തു പെയ്യുന്ന കാര്‍മേഘങ്ങള്‍ക്കൊപ്പം
എന്റെ വിഷാദമേഘങ്ങള്‍ ചേര്‍ന്നിരുന്നു .
ഭൂമാറില്‍ പതിയ്ക്കുന്ന തുള്ളികള്‍ക്കൊപ്പം
എന്റെ അഹംഭാവവും പതിച്ചിരുന്നു .
മുറ്റത്തു മുളയ്ക്കുന്ന തളിരുകള്‍ക്കൊപ്പം
എന്നില്‍ അനുരാഗം മുളച്ചിരുന്നു .
വര്‍ണ്ണങ്ങള്‍ വിരിയിച്ച മഴവില്ലിനൊപ്പം
എന്റെ കൗമാര സ്വപ്നങ്ങള്‍ വിരിഞ്ഞിരുന്നു.
മഴനൂല്‍ തന്ത്രികള്‍ മീട്ടിയ പാട്ടില്‍
എന്റെ ഹൃദയ സംഗീതം ശ്രുതി ചേര്‍ന്നിരുന്നു.
വിണ്ണിലേക്കുയരുന്ന മണ്ണിന്റെ ഗന്ധത്തില്‍
എന്റെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു .
വായൂമണ്ഡല ധൂളികള്‍ക്കൊപ്പ-
മെന്റെ കളങ്കവുമൊഴിഞ്ഞിരുന്നു.
അവസാന തുള്ളിയ്ക്കും ശേഷമുള്ള ശാന്തതയില്‍
ഞാനെന്റെ സ്വത്വം അറിഞ്ഞിരുന്നു.
ഇന്നും ഞാനും എന്റെ ഓര്‍മ്മകളും കാതോര്‍ക്കും -
ഒരു മഴയുടെ ഈരടികള്‍ക്കായ്
താലങ്ങളുമായ് മിഴികളും , കാരണം
മഴയെനിക്കെന്നും പ്രിയപ്പെട്ടതാണ്.

മലയാളമേ മാപ്പ്

മലയാളമാണെന്റെ നാട്ടു ഭാഷ
മലനാട്ടില്‍ മൊഴിയുന്ന നല്ല ഭാഷ
വാണീദേവിതന്‍ കേരള ഭാഷിതം
വാമൊഴിയ്ക്കിതുമൊരു നല്ല ഭൂഷ.

അമ്മയെന്നാദ്യം വിളിച്ച ഭാഷ
അച്ഛനാദ്യമെഴുതിച്ച മന്ത്ര ഭാഷ
തുഞ്ചത്തു കിളിപ്പാട്ടൊഴുകിയ ഭാഷ
തൂവെള്ളപ്പട്ടാടയുടുത്ത ഭാഷ

ഹാ! കഷ്ടം , മുലപ്പാല്‍ മധുരമവര്‍ മറന്നു-
മലയാളം പെറ്റിട്ട പുതിയ മക്കള്‍
ഫാഷനായ്, ചാനലായ്, പരിഷ്കാരമായ്
മലയാളമിന്നു മലയാംഗലേയമായ്.

മാപ്പപേക്ഷിപ്പൂ ഞാന്‍ മാതൃഭാഷേ
ഭാഷയില്‍ നാണിക്കും സോദരര്‍ക്കായ് ,
അഭിമാനമാണെനിയ്ക്കെന്നുമെന്നും
മലയാളിയായെന്നെയറിഞ്ഞിടാനായ്.

വിപ്ളവത്തിന്റെ തിരിച്ചു വരവ്

ഹേ.. വിപ്ളവ സ് നേഹികളേ..
വഴിമുട്ടിയെങ്കില്‍ തിരിച്ചു വരിക..
ചൈനയില്‍ നിന്ന് ഭാരതത്തിലേക്ക്
സഖാവില്‍ നിന്ന് സഹോദരനിലേക്ക്
സമരത്തില്‍ നിന്ന് സമരസതയിലേക്ക്
വര്‍ഗ്ഗസമരത്തില്‍ നിന്ന് വര്‍ഗ്ഗസമന്വയത്തിലേക്ക്
മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്ക്
മാര്‍ക്സിസത്തില്‍ നിന്ന് മാനവദര്‍ശനത്തിലേക്ക്
സോഷ്യലിസത്തില്‍ നിന്ന് വസുധൈവകുടുംബകത്തിലേക്ക്
ഭൗതികതയില്‍ നിന്ന് ആദ്ധ്യാത്മികതയിലേക്ക്
താഴെ നിന്ന് മുകളിലേക്ക് ..
വന്ദേമാതര ഘോഷത്തോടെ
നമുക്കു വീണ്ടും വിപ്ളവകാരികളാകാം ...
ഏകത്മകതയുടെ നാളെകള്‍ സൃഷ്ടിക്കാം .

കാലത്തിനായൊരു തിരുത്ത്

നിരപരാധികളെ രക്ഷിക്കാന്‍ നില്ക്കുന്നവരോടൊരു ചോദ്യം
നിങ്ങള്‍ ക്കായോ അവരെ രക്ഷിക്കാന്‍ ?
ഇല്ലെങ്കില്‍ ഇതാ ഒരു തിരുത്ത്
"ഒരു നിരപരാധിയെ ശിക്ഷിച്ചാല്‍
ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെങ്കില്‍
അതു ചെയ്യുക.. കാരണം ആ ത്യാഗം -
ആയിരക്കണക്കിനു നിരപരാധികളെ രക്ഷിച്ചേക്കും ."

Wednesday, March 25, 2009

മാതൃഭാവം

പൂര്‍ണ്ണത്തില്‍ നിന്നൊരു കണമായ് ഞാ-
നമ്മതന്നുദരത്തില്‍ വന്നു വീണു.
ബാല്യം കടന്നു ഞാന്‍ കൗമാരമായപ്പോള്‍
രാഷ്ട്രമാം അമ്മയെ അറിഞ്ഞു വന്നു.
യൗവ്വനതിന്‍ തിരുമുറ്റത്തു നില്ക്കുമ്പോള്‍
അമൃതധാരയായ്, ഗുരുവായൊരമ്മ.
ഈശ്വര ചിന്തയ്ക്കു മിഴിയടയ്ക്കുമ്പോല്‍
മനതാരില്‍ തെളിയുന്നെന്‍ കാളിയമ്മ.

അറിയുന്നു ഞാനീ മാതൃഭാവങ്ങളെ-
ന്നാത്മാവിലേകമായ് സംഗമിയ്ക്കുന്നു.
വാത്സല്യത്തോണിയിലെന്നെയേറ്റി
തുഴഞ്ഞു പോകുന്നതെവിടേയ്ക്കമ്മ ?
പാപങ്ങള്‍ സൃഷ്ടിയ്ക്കുമോളങ്ങളില്‍ ഞാന്‍ -
വീഴാതെ തുഴയുന്നതെവിടേയ്ക്കമ്മ ?
സ് നേഹം പകരുമീയാനന്ദം നുകര്‍ന്നു ഞാ-
നണയുന്ന തീരവും പൂര്‍ണ്ണമാണോ ?

പ്രണയം

വിഭാത സൂര്യനെ ഒരുമിച്ചു വരവേല്‍ക്കാന്‍ ,
മലയാലപ്പുഴയമ്മയെ ഒരുമിച്ചു നമസ്ക്കരിക്കാന്‍ ,
അരയാല്‍ത്തണലും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ,
കുളിര്‍മഴയുടെ ഈറന്‍ ഒരുമിച്ചണിയാന്‍ ,
മഴവില്‍ ചന്തത്തില്‍ ഒരുമിച്ചു കണ്ണെറിയാന്‍ ,
കടലിന്റെ മോഹത്തിരകളില്‍ കൈകോര്‍ത്തു നടക്കാന്‍ ,
ശ്രാവണചന്ദ്രികയില്‍ പരസ്പരം അറിഞ്ഞുറങ്ങാന്‍ ,
അവള്‍ കൂടെവേണമെന്നാശിച്ചു.

ആശാകലിക വിടരാതെ കൊഴിഞ്ഞു.
വിടര്‍ ന്നിരുന്നെങ്കില്‍ ഞാന്‍ -
സ്വപ്നങ്ങള്‍ക്കായ് കാത്തിരിക്കില്ലായിരുന്നു.
ഓര്‍മ്മകളെ ഇത്രമേല്‍ സ് നേഹിക്കില്ലായിരുന്നു.
പുനര്‍ജന്മം കൊതിക്കില്ലായിരുന്നു..