Wednesday, July 29, 2009

ഒരു നഷ്ട ബാല്യം

കണ്‍മുന്നില്‍ പൊലിഞ്ഞ ഒരു ബാല്യത്തിനായ് ..

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും .

പടികളിറങ്ങിയമ്മ പോകുമ്പോഴും
പടികളേറാന്‍ ഞാന്‍ പഠിച്ചിരുന്നില്ല.

ഏണിലിരുന്നേങ്ങിയ കുഞ്ഞുപെങ്ങള്‍
ഏട്ടാ എന്നെന്നെ വിളിച്ചിരുന്നില്ല

നാണം മറന്നൊരാ നാളുകള്‍
നാട്ടാര്‍ക്കു മുന്നിലെ നാട്യങ്ങള്‍

നിശയുടെ കുളിരിലുറങ്ങുവാനെന്‍
നെഞ്ചിലെ കനലനുവദിച്ചില്ല.

വാതില്ക്കലെത്തിയ തെന്നല്‍ പോലും
വെറുതേ ഒന്നു തലോടിയില്ല

ലഹരിതന്‍ ലോകത്തില്‍ മയങ്ങിയച്ഛന്‍
മിഴിനീരിന്‍ താളത്തിലുറങ്ങി ഞാനും

കാരുണ്യമേകേണ്ട ബന്ധുക്കളാരുമീ-
കര്‍മ്മബന്ധത്തെ കണ്ടതില്ല..

കൂട്ടരോടൊത്തു കളിയാടിയെങ്കിലും
കരളിലെ കരിങ്കല്ലു തകര്‍ന്നതില്ല...

മുന്‍പനായ് ഞാനെന്നും മാറിയിട്ടു -
മാരുമൊരു ഭാവിയും കണ്ടതില്ല..

ഇന്നോ നാളെയോ വഴിതെറ്റിപ്പൊകേണ്ടോന്‍
നാടിനു ഭാരമായ്ത്തീരേണ്ടവന്‍

തെറ്റുകളൊന്നും തിരുത്തിയില്ലെങ്കിലും
ശാപങ്ങള്‍ കൊണ്ടെന്നെ മൂടിയിട്ടു.

ഇന്നു ഞാന്‍ നാടിന്നതിര്‍ത്തിയിലായ്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറമായ്

വേഷത്തില്‍ ഭടനായ് ദേശത്തിന്‍ മകനായ്
മനക്കണ്ണടച്ചു ഞാന്‍ നില്‍ക്കുമെന്നും .

എങ്കിലും വേദനയായൊരു കുഞ്ഞു കൊലുസ്സും
അച്ഛനുമമ്മയും ജയിച്ച നാളും .

3 comments:

  1. good.Nalla varikalll...nalla ashayammm......."nashtabalya" .

    ReplyDelete
  2. Hello unni krishnan, we are expecting lots more of these sorts from your side....

    ReplyDelete
  3. good one...... nice lines keep on writing

    ReplyDelete